മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. 1960-ൽ ഉദയാ നിർമിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കു വേണ്ടിയാണ് കൃഷ്ണൻകുട്ടി ആദ്യമായി കാമറ ചലിപ്പിച്ചത്.
ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പടെ എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായി. തിക്കുറിശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടി കാമറ ചെയ്തു.
1985-ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ചത്. ഭാര്യ: ലളിതമ്മ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ. സംസ്കാരം ഉച്ച കഴിഞ്ഞ് രണ്ടുമണിക്കു വീട്ടുവളപ്പിൽ.